
ന്യൂഡൽഹി: കേസുകൾ നിയമത്തിനനുസൃതമായാണ് ജഡ്ജിമാർ തീരുമാനിക്കുന്നതെന്നും എന്നാൽ വിധിയുടെ ഗുണഭോക്താക്കൾ മാത്രമാണ് കോടതിയെ പുകഴ്ത്തുന്നതെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്ദൽ. ഹൈ സ്റ്റേക്ക് കേസുകളിൽ വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ കോടതിയെ വിമർശിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ജഡ്ജി അജയ് രസ്തോഗിയുടെ വാക്കുകൾ കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സർക്കാരിനെതിരെ വിധി പ്രസ്താവിക്കുമ്പോൾ മാത്രമാണ് ജഡ്ജിമാർ സ്വതന്ത്രരാണെന്ന് പൊതുസമൂഹം കരുതുന്നതെന്ന നിലപാട് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അഭിഭാഷകരുടെ കടമ അഭിഭാഷകർ കേസ് ജയിക്കുന്നതിനേക്കാൾ ഉപരിയായി, ശരിയായ നിയമപരമായ നിഗമനത്തിലെത്താൻ കോടതിയെ സഹായിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. തെറ്റായ നിയമം വ്യാഖ്യാനിക്കപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
നീതിന്യായ വ്യവസ്ഥയിലെ പോരായ്മകൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യുന്നതിന് പകരം സ്ഥാപനത്തിനുള്ളിൽ തന്നെ പരിഹരിക്കണം. ചീഫ് ജസ്റ്റിസുമാർ എപ്പോഴും ഇത്തരം പരാതികൾ കേൾക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയമമേഖലയിൽ ഉപകരിക്കുമെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ സേവനകാലത്ത് നടപ്പിലാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ ഡിജിറ്റൈസേഷൻ, ഫോറൻസിക് ലാബുകളുടെ സംയോജനം തുടങ്ങിയ നടപടികൾ നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചാബ്-ഹരിയാന, ജമ്മു കശ്മീർ-ലഡാക്ക്, കൽക്കട്ട, അലഹബാദ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി നീണ്ട ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ സംതൃപ്തിയോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് ജസ്റ്റിസ് ബിന്ദൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.










